03:13pm 25 October 2026
NEWS
ആറന്മുള്ള വള്ളസദ്യ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പറ്റിക്കപ്പെട്ടത് നിരവധിപേർ; കേസെടുത്ത് പൊലീസ്
21/08/2026  07:48 PM IST
nila
ആറന്മുള്ള വള്ളസദ്യ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പറ്റിക്കപ്പെട്ടത് നിരവധിപേർ; കേസെടുത്ത് പൊലീസ്

പത്തനംതിട്ട: ആറന്മുള വള്ളസദ്യയും താമസസൗകര്യവും ഒരുക്കിനൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിവിധ ജില്ലകളിൽനിന്ന് ക്ഷേത്രത്തിലെത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി പലരും തിരിച്ചറിഞ്ഞത്.

5000 മുതൽ 10,000 രൂപ വരെയാണ് ഓരോരുത്തരിൽനിന്നും തട്ടിയെടുത്തതെന്നാണ് വിവരം. കൊല്ലം സ്വദേശികളടക്കമുള്ള സംഘമാണ് ഇന്ന് ആറന്മുള ക്ഷേത്രത്തിലെത്തി തട്ടിപ്പിനിരയായത്. വിപിൻ ദാസ് എന്നയാളാണ് ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പേരിൽ പരസ്യം നൽകിയിരുന്നതെന്നാണ് പരാതി.

പരസ്യം കണ്ട് താൽപര്യം അറിയിക്കുന്നവരുമായി ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്യുകയും വള്ളസദ്യയ്ക്കും താമസത്തിനും അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന് ഓൺലൈനായി പണം സ്വീകരിച്ചശേഷം, ക്ഷേത്രത്തിലെത്തുന്ന സമയത്ത് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ ബന്ധപ്പെടാൻ കഴിയാതാകുകയോ ചെയ്തെന്നാണ് പരാതിക്കാർ പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ജില്ലകളിൽനിന്നുള്ള നിരവധി പേർ സമാനമായ രീതിയിൽ തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ലഭിച്ച ആദ്യ പരാതികളിലൊന്നിലാണ് ആറന്മുള പൊലീസ് കേസെടുത്തത്. കൂടുതൽ പരാതികളും പൊലീസിന്റെ പരിഗണനയിലുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘവും ആവശ്യപ്പെട്ടു.

വള്ളസദ്യ ലഭിക്കാൻ മൂന്ന് വഴികൾ

ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യയിൽ പങ്കെടുക്കാൻ പ്രധാനമായും മൂന്ന് മാർഗങ്ങളാണുള്ളത്. വഴിപാട് ബുക്ക് ചെയ്തവർക്ക് സദ്യയിൽ പങ്കെടുക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെയും വള്ളസദ്യ ലഭിക്കും. കൂടാതെ പള്ളിയോട സേവാസംഘം നൽകുന്ന പ്രത്യേക പാസ് വഴിയും സദ്യയിൽ പങ്കെടുക്കാം.

സീസൺ ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ പ്രത്യേക പാസുകൾ പൂർണമായും ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളസദ്യ ഒരുക്കിനൽകാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് നടന്നത്. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img